കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് മോദി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗിന്റെ മണ്ഡലമായ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച്‌ സംസാരിക്കവെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിംങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി താന്‍ പത്രത്തില്‍ വായിച്ചിരുന്നു. ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നാല്‍ കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പിയുടെ മായാവതിയും തമ്മിലെ സഖ്യത്തെയും മോദി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മുന്‍കാലങ്ങളില്‍ പരസ്പരം മുഖത്ത് നോക്കാത്തവര്‍ പോലും ഇപ്പോള്‍ മോദി, മോദി എന്നാണ് പറയുന്നത്. അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇത്തരക്കാര്‍ വികസനത്തിന്റെ പാതയില്‍ തടസം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു.

അതേസമയം, മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് കള്ളംപറയുന്നത് തുടരുകയാണ്. താന്‍ സുരക്ഷിതനല്ലെന്ന ഭയമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. എന്തിനെയാണ് മോദി പേടിക്കുന്നതെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *