മലപ്പുറം: കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ ലഭിക്കേണ്ട സബ്‌സിഡി തുക വായ്പ പൂര്‍ണമായി തിരിച്ചടിച്ചിട്ടും ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 2009 ല്‍ ലഭിക്കേണ്ട സബ്‌സിഡി തുക തെറ്റായി ക്രെഡിറ്റ് ചെയ്തതായി ചങ്കുവെട്ടിയിലെ ബാങ്ക് മാനെജര്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ അര്‍ഹമായ സബ്‌സിഡി വായ്പക്കാരന് ലഭ്യമാക്കി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ബാങ്കിന് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ കവരുന്നത് ഗുരുതരമായി കാണുമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങില്‍ അദ്ദേഹം പറഞ്ഞു.
വളാഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായ ഒ.പി. അബ്ദുറഷീദിനെ തൊഴിലെടുക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ജോലി ചെയ്യാനുള്ള അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തൊഴില്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ അതിന് ഉത്തരവാദികളായ യൂണിയനുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തിരൂര്‍ കൂട്ടായിയില്‍ 2004 ലെ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിച്ചില്ലെന്ന പരാതി കമ്മീഷന്‍ പരിഗണിച്ചു. ആശ്രിതരുടെ അപേക്ഷ ലഭിച്ച ശേഷം അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സിറ്റിങില്‍ ആകെ പരിഗണിച്ച 50 പരാതികളില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി.
