ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും

സൗദി:ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് – സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചു. മദീനയിലും ഹജ്ജ് ഇതര ടെര്‍മിനലുകള്‍ തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച്‌ സജ്ജമാക്കി.

ഈ വര്‍ഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ട്. ഹജ്ജ് ടെര്‍മിനലിലെ തിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴി തീര്‍ഥാടകരെ സ്വീകരിക്കുന്നത്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴി പൂര്‍ത്തിയാക്കും. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടികള്‍ സ്വന്തം രാജ്യങ്ങളില്‍ വെച്ച്‌ മുന്‍കൂട്ടി പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്.

ഇതുവഴി ആഭ്യന്തര യാത്രക്കാരെ പോലെ മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കാം. ജവാസാത്ത്, കസ്റ്റംസ് നടപടിക്രമങ്ങള്‍ ഇവര്‍ക്കുണ്ടാകില്ല. ഹജ് തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ എയര്‍പോര്‍ട്ടിലെ ടെര്‍മിനലുകളില്‍ ജവാസാത്തിനു കീഴില്‍ രണ്ടായിരത്തിലേറെ ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

200 കൗണ്ടറുകള്‍ വഴിയാണ് സേവനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 140കൗണ്ടറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മദീന വിമാനത്താവളത്തിലും തീര്‍ഥാടകരുടെ ബാഹുല്യമനുസരിച്ചാണ് ടെര്‍മിനലിന്റെ ഉപയോഗമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *