120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയില്‍ അറസ്റ്റിലായി

ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്.

സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ മന്ത്രവാദി സ്ത്രീകളെ പീഡിപ്പിക്കുന്നത് ആവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അറസ്റ്റിലായ മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ബിംല ദേവി മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഒമ്ബത് മാസങ്ങള്‍ക്കുമുമ്ബ് മന്ത്രവാദിക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. പോലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം. എന്നാല്‍ വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകളോടെയാണ് പോലീസ് ഇത്തവണ ഇയാളെ കുടുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *