ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടായെന്നും സിബിഐ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറിലൂടെ കെഎസ്‌ഇബിക്ക് വന്‍ നഷ്ടമുണ്ടായി. ലാവലിന്‍ കന്പനി ലാഭം ഉണ്ടാക്കുകയും ചെയ്തു. കരാറില്‍ പിണറായി അറിയാതെ മാറ്റം വരില്ലെന്നും സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കുന്നു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്.
