ശബരിമല സ്ത്രീ പ്രവേശന കേസ്: ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ചു കളിക്കുന്നു, പുതിയ സത്യവാങ്മൂലം നല്‍കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ച്‌ കളിക്കുന്നു. ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ ദാസ് നടത്തിയ വെളിപ്പെടുത്തലാണ് ഒളിച്ചുകളി വ്യക്ത്തമാക്കുന്നത്. ജൂലൈ 18നും ജൂലൈ 24നും ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ നല്‍കിയ നിലപാട് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ താണെന്നാണ് കെ.പി.ശങ്കര്‍ ദാസ് ഇപ്പോള്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ നിലപാട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സാവകാശം ലഭിച്ചിട്ടില്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷം ഇപ്പോഴത്തെ ബോര്‍ഡിന്റെ നിലപാട് സമര്‍പ്പിക്കാന്‍ ശ്രമിക്കും. മുന്‍ സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഇപ്പോഴത്തെ ബോര്‍ഡിന്റെ നിലപാടെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ ശ്രമിക്കുമോയെന്നും എല്‍ഡിഎഫ് സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ആണ് കെ.പി. ശങ്കര്‍ ദാസ് പറയുന്നത്.

ശബരിമല സ്ത്രീ പ്രവേശന കേസില്‍ പുതിയ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാട് തുടക്കം മുതലേ സംശയം ജനിപ്പിക്കുന്നതായിരുന്നു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാന്‍ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ടെന്ന് മനസ്സിലാക്കിയ ബോര്‍ഡ് ഇതില്‍ നിന്നും അയഞ്ഞു. ജൂലൈ 18ന് അഭിഭാഷകന്‍ മനു അഭിഷേക് സിങ് നിലപാട് അറിയിച്ചു. സ്ത്രീ പ്രവേശനത്തിന് എതിരായ മുന്‍ സര്‍ക്കാരിന്റെ അഭിപ്രായം ആണ് അദ്ദേഹം അറിയിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തി. ജൂലൈ 22ന് ദേവസ്വം ബോര്‍ഡ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ തീരുമാനം എടുത്തു. പുതിയ നിലപാട് അറിയിക്കാന്‍ ഭരണഘടനാ ബെഞ്ചിനോട് സാവകാശം ചോദിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ത്രീ പ്രവേശനത്തിന് എതിരായുള്ള നിലവിലുള്ള സത്യവാങ് മുലം അഭിഭാഷകന്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം ഉപസത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് ഭരണഘടനാ ബെഞ്ച് ഇനിയും അനുവാദം നല്‍കാനുള്ള സാധ്യത കുറവാണ്. എന്തായാലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് അനുകൂലമായി നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ഒളിച്ചുകളി ബോര്‍ഡിനെ വെട്ടിലാക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *