മലബാറിലെ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. ഇന്ന് കോഴിക്കോട് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ പയ്യന്നൂര്‍ രാമന്തളി പുഴയില്‍ മത്സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. വ്യാപകമായി മണ്ണിടിച്ചിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കോഴിക്കോട് തിരുവമ്ബാടി, മുക്കം, തോട്ടുമുക്കം ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കോഴിക്കോട് മാവൂര്‍ ഊര്ക്കടവില് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. രണ്ടുപേര്‍ മണ്ണിനടിയില്‍ കുടുങ്ങി. നാല് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെയാണ് കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പനിയില്‍ ഉരുള്‍പൊട്ടിയത്. രണ്ട് പേര് മരിച്ചു. തയ്യില്‍പ്രകാശിന്റെ മകന് പ്രവീണ്‍ (10), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സിന് പോലും ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയുന്നില്ല. മുക്കത്ത് മൈസൂര്‍ പറ്റമലിയിലും ഉരുള്‍പൊട്ടി. മുക്കത്തെ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ചിട്ടുണ്ട്. ഇതോടെ തോട്ടുമുക്കം ഭാഗം പൂര്‍ണ്ണമായും വെള്ളത്തിലായി. പൂമ്ബാറയില് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ച് പോയിരുന്നു.
കോഴിക്കോട് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നത്. മത്സ്യ ബന്ധനത്തിനിടയിലുണ്ടായ ശക്തമായ കാറ്റില്‍ തോണി മറിഞ്ഞാണ് രാമന്തളി ഏറന്‍ പുഴയില്‍ ഇന്നലെ രാത്രി 11 മണിയോടെ കൊവ്വപ്പുറം സ്വദേശി പയ്യന്നൂര്‍ കണ്ടോത്ത് താമസിക്കുന്ന പണ്ടാരവളപ്പില്‍ ഭാസ്കരന് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന മത്സ്യ തൊഴിലാളി പുഞ്ചക്കാട് സ്വദേശി ബാലന് നീന്തി രക്ഷപ്പെട്ടു. ഭാസ്കരന് പുഴയില്‍ മുങ്ങി താണ വിവരം നാട്ടുകാര്‍ അറിയുന്നത് ഇന്ന് രാവിലെ ആറു മണിയോടെയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വയനാട്ടില്‍ പനമരം പടിഞ്ഞാറത്തറ, കോട്ടത്തറ, കൊഴുമറ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ദുരിതം. ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ തുറക്കുന്നത് മൂലം ഇവിടെയാണ് ഏറ്റവും കൂടുതല്‍ വെള്ളമെത്തുന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ 255 സെന്റീമീറ്ററാണ് നിലവില്‍ തുറന്നിട്ടുള്ളത്. 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മാനന്താവാടി, താമരശ്ശേരി ചുരങ്ങളില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. മാനന്തവാടി കല്‍പ്പറ്റ റോഡിലും, തലശ്ശേരി മാനന്തവാടി റോഡിലും പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മൈസൂര്‍ ദേശീയപാത പൊന്‍കുഴിയില്‍ വോള്‍വോ ബസ് കുടുങ്ങി. മലപ്പുറത്ത് ഇന്നു പുലര്‍ച്ചെ മൂന്ന് മരണമുണ്ടായി. ഊര്‍ങ്ങാട്ടേരി ഉരുള്‍പൊട്ടലിലാണ് രണ്ട് പേര് മരിച്ചത്. എടവണ്ണയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് സ്ത്രീ മരിച്ചു.
