കുനിയില്‍ കൊലപാതകം: വിചാരണ ഏപ്രില്‍ 15ന്

മഞ്ചേരി- ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ വെച്ച് കുറുവങ്ങാടന്‍ അതീഖുറഹ്മാന്‍ കുത്തേറ്റു മരിച്ച കേസിന്റെ വിചാരണ 2016 ഏപ്രില്‍ 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ ആരംഭിക്കും. വിചാരണക്ക് ഹാജരാകുന്നതിന് സാക്ഷികള്‍ക്ക് സമന്‍സയക്കാന്‍ കോടതി ഉത്തരവിട്ടു. 2012 ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കുനിയില്‍ കൊളക്കാടന്‍ ആസാദ് (38), കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48), കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന അജു (27), കൊളക്കാടന്‍ ഗുലാം പാഷ എന്ന ഷിജു (25), കുറ്റൂളി ഉള്ളാടന്‍ മുഹമ്മദിന്റെ മകന്‍ ഫൈസിര്‍ (29) കീഴുപറമ്പ് കുനിയില്‍ കൊളക്കാടന്‍ അബ്ദുന്നാസര്‍ (46) എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ കൊളക്കാടന്‍ ആസാദ് , പിതൃ സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവര്‍ 2012 ജൂണ്‍ പത്തിന് കൊല്ലപ്പെട്ടിരുന്നു. ഫുട്‌ബോള്‍ മത്സരം നടത്തുന്നത് സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2011 ഡിസംബര്‍ 28ന് ഇതുസംബന്ധമായ പോസ്റ്റര്‍ പതിച്ചത് ഉള്ളാടന്‍ ഫൈസിര്‍ തടയുകയും അത്തീഖുറഹ്മാനെ അടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഫൈസിര്‍ അത്തീഖുറഹ്മാനോട് പരസ്യമായി മാപ്പുപറയാമെന്ന് പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. 2012 ജനുവരി 4ന് വൈകിട്ട് കേസിലെ മറ്റൊരു പ്രതിയായ കൊളക്കാടന്‍ അബ്ദുന്നാസറിനെ അത്തീഖുറഹ്മാനും സംഘവും മര്‍ദിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കൊളക്കാടന്‍ അജു അത്തീഖുറഹ്മാനെയും അബ്ദുന്നാസര്‍ മുജീബുറഹ്മാനെയും കുത്തുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച രണ്ടു കത്തികള്‍, തോക്ക്, രണ്ടു ഇരുമ്പുദണ്ഡുകള്‍, കത്തി ഉറ, വടികള്‍ എന്നിവ പോലീസ് മഞ്ചേരി ചെരണി പ്ലൈവുഡ് റോഡിലും തൃക്കളയൂര്‍ റോഡിലും ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി പി വി ഹരി, പി ജി മാത്യു എന്നിവര്‍ ഹാജരാകും. കേസില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *