ഇന്ത്യയെ മോദി അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടുന്നുവെന്ന് ലാലു പ്രസാദ് യാദവ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. റോമാ സാമ്രാജ്യം കത്തുമ്ബോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്നും അദ്ദേഹം ആരോപിച്ചു. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ലാലുവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി ആറ് ആഴ്‌ചത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത്, പ്രസ്‌താവനകള്‍ പാടില്ല തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.പരോള്‍ കാലയളവ് മൂന്ന് മാസം കൂടി നീട്ടണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് ലാലു പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

എല്ലാകാര്യങ്ങളിലും മോദി പരാജയമാണ്. ബുദ്ധിജീവികളെയും എഴുത്തുകാരെയും വ്യാപകമായി തടങ്കലിടുകയാണ്. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ബി.ജെ.പിക്കാര്‍ അല്ലാത്ത നേതാക്കളെ ശിക്ഷിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിടാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ലാലു ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ തന്റെ കുടുംബാംഗങ്ങളെ ഒരു കേസില്‍ നിന്നും മറ്റൊന്നിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. ഐ.ആര്‍.ടി.സി ഹോട്ടല്‍ പണമിടപാടുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വിനി യാദവിനും എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ സംവാദങ്ങള്‍ നടത്തി സമയം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളില്‍ ഭൂരിഭാഗവും രാഷ്ട്രീയ പരിചയമുള്ളവരാണ്. സമയമെത്തുമ്ബോള്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ സമവായമുണ്ടാക്കണം. ഇക്കാര്യം വലിയ പ്രശ്‌നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *