പ്രളയത്തിനു പിന്നാലെ എലിപ്പനി;കോഴിക്കോട് ജില്ലയില്‍മാത്രം 28 പേരില്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: പ്രളയത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ എലിപ്പനിയടക്കമുള്ളവയ്ക്ക് സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം തടയുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങളും നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍മാത്രം 28 പേരിലാണ് വിവിധയിടങ്ങളിലായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേര്‍ നിരീക്ഷണത്തിലുണ്ട്. മൂന്ന് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ പറഞ്ഞു. കോഴിക്കോടിന് പുറമെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിയും ശരീര വേദനയുമായാണ് പലരുമെത്തുന്നത്. ചിലര്‍ സ്വയം ചികിത്സ ചെയ്യുന്നുണ്ട്. ഇത് രോഗം തിരിച്ചറിയാതാവാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു .

പ്രളയമേഖലയില്‍ എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രതിരോധ ഗുളികകള്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പലരും കഴിച്ചില്ല ഇതാണ് രോഗ പ്രതിരോധത്തിന് തിരിച്ചടിയായത്‌ .ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്നായ ഡോക്സി സൈറ്റലിന്‍ എന്ന മരുന്ന് ആഴ്ചയില്‍ ഒന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഗര്‍ഭിണികളും കുട്ടികളും ഇത് കഴിക്കരുത്. വെള്ളിയാഴ്ച മുതല്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട്.

പ്രളയം മൂലമുള്ള അടിയന്തര പ്രതിരോധം എന്ന നിലയ്ക്ക് 16 താല്‍ക്കാലിക ആശുപത്രികള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായിട്ടുണ്ട്. ഇവിടെ മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ള അമ്ബതോളം ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

30 ദിവസത്തേക്കായിരിക്കും ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ഇതുപോലെ 325 ആശുപത്രികളാണ് പ്രവര്‍ത്തിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറവുള്ളതും അല്ലെങ്കില്‍ പ്രളയത്തില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ചതുമായ സ്ഥലത്താണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍, ചക്കിട്ടപ്പാറ, ചൂലൂര്‍, കക്കോടി, കുണ്ടുതോട്, കുന്ദമംഗലം, പെരുവയല്‍, പുതുപ്പാടി, വാണിമേല്‍, വേളം, മരുതോങ്കര, തിരുവമ്ബാടി എന്നിവിടങ്ങളിലും കോര്‍പ്പറേഷന്‍ പരിധിയില്‍ പെട്ട ചെറുവണ്ണൂര്‍, ബേപ്പൂര്‍, മൂഴിക്കല്‍, തണ്ണീര്‍പന്തല്‍ എന്നിവിടങ്ങളിലുമാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *