തിരുവനന്തപുരം: നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലേക്കുള്ള തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്ബയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. നിലയ്ക്കലില്‍ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. മേഖലയിലെ വൈദ്യുതി പ്രശ്‌നം ഈ മാസം 12നകം പരിഹരിക്കും. വൈദ്യുതി പുനസ്ഥാപിച്ചാലുടന്‍ കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി പുനരാരംഭിക്കും. 300 വാട്ടര്‍ കിയോസ്‌കുകളാണ് ഇത്തവണ സ്ഥാപിക്കുക. പുല്‍മേടു വഴി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനുള്ള സാധ്യത പരിഗണിച്ച് സൗകര്യം ഒരുക്കും.
പമ്ബയില്‍ നടപ്പന്തല്‍ തകര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ താത്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും. പമ്ബയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്ബയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. ഹില്‍ ടോപ്പില്‍ നിന്ന് പമ്ബ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിര്‍മ്മിക്കുന്നത് പരിഗണിക്കുnമെന്നും മന്ത്രി പറഞ്ഞു.
