മലപ്പുറം-മഞ്ചേരിയിലെ ആകാശവാണി എഫ്.എം.റേഡിയോ നിലയം അവണനയുടെ ശോകഗാനം പാടുകയാണ്. ഒരു ദശാബ്ദം പിന്നിട്ടിട്ടും ഡ്രീംസ് എഫ് എം നിലയത്തിന്റെ ബാലാരിഷ്ടതകള്‍ മാറിയിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച് നിലവില്‍ വന്ന ഈ സ്ഥാപനം ഇന്ന് മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് അവഗണിക്കപ്പെട്ടിരിക്കുന്നു. വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി പത്തിന് അവസാനിക്കുന്നു. ആറു മണിക്കൂറിനുള്ളില്‍ ശ്രോതാക്കളാവശ്യപ്പെടുന്ന ഇഷ്ടപരിപാടികളെല്ലാം തീര്‍ത്ത് ജീവനക്കാരും സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പരിപാടികള്‍ റിലേ ചെയ്യുകമാത്രമാണ് പ്രോഗ്രാം. വാര്‍ത്തകളും മറ്റു പൊതുജനോപകാര പ്രദമായ പരിപാടികളൊന്നുമില്ല. അതിമനോഹരമായ കെട്ടിടമുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം മൂലം വീര്‍പ്പ് മുട്ടുകയാണ് ഈ ആകാശവാണി കേന്ദ്രം.
കോഴിക്കോട് റേഡിയോ നിലയത്തിന് കീഴിലായി 2006 ജനുവരി 28ന് കേന്ദ്രമന്ത്രി ഇ അഹമ്മദാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മഞ്ചേരിക്ക് പുറമെ കേരളത്തില്‍ തിരുവനന്തപുരത്ത് രണ്ടും കൊച്ചി, ദേവികുളം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവുമാണ് ഇപ്പോഴുള്ളത്. ഇതില്‍ കൊച്ചിയില്‍ നിന്നു ദിവസം ആറു ട്രാന്‍സ്മിഷന്‍ വരെ നടക്കുമ്പോള്‍ മഞ്ചേരിയില്‍ ആറുവര്‍ഷമായിട്ടും ഒരു ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. ജീവനക്കാരുടെ അഭാവം തന്നെയാണ് പ്രശ്‌നം. മൂന്ന് പ്രോഗ്രാം എക്‌സിക്യൂട്ടീവുകള്‍ വേണ്ടിടത്ത് 2 പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ തന്നെ ഒരാളെ പിന്നീട് സ്ഥലം മാറ്റിയിരുന്നു. മൂന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവുകള്‍ വേണ്ടിടത്ത് ഒരാള്‍ പോലുമില്ല. അനൗണ്‍സര്‍മാരായി ചുരുങ്ങിയത് മൂന്നുപേരെങ്കിലും വേണം. എന്നാല്‍ ഒരാള്‍ പോലും അനൗണ്‍സറായി ഇവിടെ ഇല്ല. ഓഫീസ് ജോലിക്കായി ഒരു സ്റ്റെനോ ഗ്രാഫര്‍ മാത്രമാണുള്ളത്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രാദേശിക നിലയമായി വികസിപ്പിക്കുകയും പ്രക്ഷേപണ സമയം വര്‍ദ്ധിപ്പിക്കുകയും വേണമെന്ന ശ്രോതാക്കളുടെ താല്‍പര്യത്തിന് വാര്‍ത്താ വിതരണ മന്ത്രാലയവും ആകാശവാണി അധികൃതരും നാളിതുവരെ ഒരു പരിഗണനയും നല്‍കിയിട്ടില്ല.
പരസ്യപ്രക്ഷേപണങ്ങളിലുടെ വിവിധ് ഭാരതി എന്ന പേരില്‍ നേരത്തെ ആകാശവാണി ഇഷ്ടഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും അതുവഴി ധാരാളം സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. ഇന്നും നല്ല പരസ്യ വരുമാനമുണ്ടായിട്ടും രാവിലെ മുതല്‍ പ്രക്ഷേപണം ആരംഭിക്കാനും മികച്ച പരിപാടികള്‍ അവതരിപ്പിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. മഞ്ചേരി കോളേജ് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ആകാശവാണി ഡ്രീംസ് നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ മഞ്ചേരിയുടെ നാല്പത് കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകുന്നുണ്ട്. ഹലോപ്രിയഗീതം, സായാഹ്ന സല്ലാപം, പടക്കളം, ചിത്രമാലിക തുടങ്ങിയ പരിപാടികളിലൂടെ ശ്രോതാക്കള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന മഞ്ചേരി ഡ്രീംസ് എഫ് എം അധികൃതരുടെ അനാസ്ഥ മൂലം നാഥനില്ലാ കളരിയായിരിക്കയാണ്.
