കോഴിക്കോട്: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുന്ന ആയുര്‍യോഗ പദ്ധതിക്ക് ഇന്ന് തുടക്കം. ഡ്രൈവര്‍മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സന്നിഗ്ധ ഘട്ടങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമുതകും വിധം ആയുര്‍വേദവും യോഗയും സമന്വയിപ്പിച്ച് നല്കുന്ന പരിശീലന രീതിയാണിത്. ജില്ലാ പഞ്ചായത്തും ഭാരതീയ ചികില്‍സാവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലു മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പ്രാണായാമം, റിലാക്സേഷന് സെഷനുകള്‍ തുടങ്ങിയ ക്ലിനിക്കല്‍ യോഗ പരിശീലനം, ആരോഗ്യകരമായ ആയുര്‍വേദ ജീവിതചര്യകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങി നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാലു ദിവസത്തെ സൗജന്യ പരിശീലനമാണ് പദ്ധതിയിലൂടെ നല്‍കുക. ജില്ലാ ആയുര്‍വേദ ആശുപത്രി, ചുങ്കം, പയ്യോളി താലൂക്ക് ആയുര്‍വേദ ആശുപത്രി, നൊച്ചാട് ഗവ. ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശീലനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.
