ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി ഹരിശങ്കര്‍. അറസ്റ്റ് ചെയ്യണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ഇതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും എസ്പി പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിയമോപദേശം തേടുകയല്ല, അഭിപ്രായം ആരായുകയാണ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രാവിലെ പത്തരയ്ക്കു ഹാജരാകാനാണു ബിഷപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചായിരുന്നു ചോദ്യംചെയ്യല്‍.

ഇന്നലെ ബിഷപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്താവും ഇന്നത്തെ ചോദ്യം ചെയ്യല്‍. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറന്‍സിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *