കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തി. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. പൊലീസുകാരില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നും രാജിവയ്ക്കാന്‍ തീവ്രവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതായും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു. കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടുപോവുകയായിരുന്നു.

മൂന്ന് ആഴ്ചയ്ക്ക് മുമ്ബ് മൂന്ന് പൊലീസുകാരെയും അവരുടെ കുടുംബത്തെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ റിയാസ് നയികോയുടെ പിതാവ് ഉള്‍പ്പെടെ 12 ഭീകരരുടെ കുടുംബാംഗങ്ങളെയാണ് വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *