എസ്.ഹരികിഷോര്‍ മികച്ച കലക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 31-ാമത് കളക്ടറായ എസ്.ഹരികിഷോറിന് ലഭിച്ചത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം. മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പത്തനംതിട്ട കളക്ടര്‍ ഇന്നലെ ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണും ഒന്നാം സ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എം.സി മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയുടെ സമഗ്ര വികസനത്തിന് നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ജില്ലാ കളക്ടറുടെ കൈയൊപ്പിന് ഏറെ പ്രാധാന്യമുണ്ട്. ആദിവാസി ഊരുകളില്‍ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തി പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്ന ഊരില്‍ ഒരു ദിവസം പദ്ധതിക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവില്‍ കാട്ടാത്തിപ്പാറ ആദിവാസി കോളനിയില്‍ നടത്തിയ സന്ദര്‍ശനം കോളനിവാസികളുടെ ദീര്‍ഘനാളത്തെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സഹായകമായി. അവിടങ്ങളില്‍ വെളിച്ചമെത്താതിരുന്ന കുടിലുകളില്‍ ഈ ആഴ്ചതന്നെ വൈദ്യുതി എത്തും.
ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന ഇന്‍സൈറ്റ് പദ്ധതി, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപ്പിലാക്കിയ ജനസേവ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വഴികാട്ടി കരിയര്‍ ഗൈഡന്‍സ്, കളക്ടറേറ്റും പരിസരവും ശുചിയാക്കാന്‍ നടപ്പിലാക്കിയ മുഖം ശുചിത്വ പദ്ധതി, ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹകരണത്തോടെ കളക്ടറേറ്റ് ചുവരുകളില്‍ ചെയ്ത ചുവര്‍ ചിത്രരചന എന്നിവ ശ്രദ്ധേയമായി.
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് നടപ്പിലാക്കിയ ചിറകുകള്‍ പദ്ധതി, ജനപ്രതിനിധികളുടെ സഹായത്തോടെ അട്ടത്തോടിനു നല്‍കിയ പുനര്‍ജ•ം എന്നിവയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കിയ ഉണര്‍വ് പദ്ധതിയും, മൂഴിയാര്‍, ഗവി എന്നിവിടങ്ങളിലെ ട്രൈബല്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സുഭക്ഷിതബാല്യം-സുന്ദരബാല്യവും ഏറെ ശ്രദ്ധേനേടി.
ഏറെ പ്രവാസികളുള്ള പത്തനംതിട്ട ജില്ലയില്‍ പ്രവാസി ക്ഷേമത്തിനായി കുടുംബശ്രീയുടെ സഹായത്തോടെയുള്ള പ്രവാസിമിത്രം വേറിട്ട പദ്ധതിയാണ്. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി നടപ്പാക്കിയ എക്‌സ്‌പ്ലോര്‍-പത്തനംതിട്ട പദ്ധതിയില്‍ ഗവിയില്‍ 35 കോടിയുടെയും അടവി, ആറ•ുള എന്നിവിടങ്ങളില്‍ 50 ലക്ഷത്തിന്റെയും സുബല പാര്‍ക്കിന് 5 കോടിയുടെയും വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.
ശബരിമലയുടെ ശുചിത്വവും സുരക്ഷയും കാത്തുസൂക്ഷിക്കുന്ന പദ്ധതികളും ശ്രദ്ധനേടി. പ്ലാസ്റ്റിക് രഹിത ശബരിമല പുതിയ രീതിയില്‍ മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ നടപ്പാക്കി. പ്ലാസ്റ്റിക് മുക്തമാക്കുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പമ്പയില്‍ തുണി ഒഴുക്കുന്നതു തടയാന്‍ പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കി. ഒപ്പം അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്ത നിവാരണ വകുപ്പിനെ കര്‍മനിരതമാക്കാനും ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പ് വേളകളില്‍ നടപ്പാക്കിയ വേറിട്ട പ്രവര്‍ത്തനങ്ങളും ഇ-ഗവേണന്‍സ് പദ്ധതി ജില്ലയെ ശ്രദ്ധേയമായ സ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കളക്ടര്‍ക്ക് കഴിഞ്ഞു.
2014 മാര്‍ച്ച് 15 നാണ് പത്തനംതിട്ട ജില്ലാ കളക്ടറായി എസ്.ഹരികിഷോര്‍ ചുമതലയേറ്റത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14-ാം റാങ്ക് നേടിയ എസ്.ഹരികിഷോര്‍ 2008 ബാച്ച് ഉദ്യോഗസ്ഥനാണ്. ഐ.ഐ.ടി കാണ്‍പൂരില്‍ നിന്ന് എം.ടെക്കില്‍ ഉന്നതബിരുദം നേടിയശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലെത്തിയത്. കൊല്ലം അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് ചെങ്ങന്നൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ സബ് കളക്ടറായി. എസ്.സി, എസ്.റ്റി വകുപ്പുകളുടെ ഡയറക്ടര്‍, ടൂറിസം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജി.കെ.എസ്.എഫ് ഡയറക്ടര്‍, കെ.ടി.ഡി.സി എം.ഡി ചുമതലകളും വഹിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പഠനശേഷം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. വായനയും എഴുത്തുമാണ് ഇഷ്ടവിനോദം. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്. പയ്യന്നൂര്‍ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ.കെ.എച്ച് സുബ്രമണ്യനും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക പി.കെ സരളയുമാണ് മാതാപിതാക്കള്‍. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഗൗരിയാണ് ഭാര്യ. മകന്‍ നാലുവയസുകാരന്‍ ആദിത്യ കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *