സൈന്യത്തിന് മോദിയുടെ “സര്‍ജിക്കല്‍ സ്ട്രൈക്ക്’; പ്രധാനമന്ത്രിക്കെതിരേ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ വെളിപ്പെടുത്തല്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ വീണ്ടും ആഞ്ഞടിക്കുന്നത്. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും വലിയ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മോദി മൗനം തുടരുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കന്പനിക്ക് റഫാല്‍ കരാര്‍ ലഭിച്ചത് മോദിയുടെ ഇടപെടലിലൂടെ മാത്രമാണ്. അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും അരുണ്‍ ജയ്റ്റ്ലി, നിര്‍മല സീതാരാമന്‍, മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പോലും ഇക്കാര്യം അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ചോരചിന്തിയ സൈനികരെ അപമാനിക്കുന്ന സംഭവമാണിത്. പ്രധാനമന്ത്രിയെ ഓര്‍ത്ത് രാജ്യത്തിന് ലജ്ജ തോന്നുകയാണ്. രാജ്യത്തിന്‍റെ ആത്മാവിനെ മോദി വഞ്ചിച്ചുവെന്നും രാഹുല്‍ തുറന്നടിച്ചു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ മോദി പ്രതികരിക്കണമെന്നും ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കണമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *