ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്ക്ക് ആര്‍എസ്‌എസ് നിലപാടാണോ: തോമസ് ഐസക്

തിരുവനന്തപുരം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസകിന്റെ ചോദ്യം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ ശ്രീധരന്‍ പിള്ളയുടേത് ആര്‍എസ്‌എസിന്റെ നിലപാടാണോ എന്നും ഐസ്‌ക ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നത്? എന്റെ തുറന്നകത്തിലെ വാദങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്.

ആ വൈഭവം സുപ്രികോടതിയ്ക്കുള്ളിലായിരുന്നില്ലേ, സര്‍, പ്രകടമാകേണ്ടിയിരുന്നത്? എനിക്ക് ഭരണഘടനയെക്കുറിച്ചും കോടതി നടപടികളെക്കുറിച്ചുമൊക്കെ അജ്ഞതയുണ്ടെന്നാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. അതവിടെ നില്‍ക്കട്ടെ.

എന്തുകൊണ്ടാണ് സ്വന്തം നിയമപരിജ്ഞാനവും ഭരണഘടനാ വൈദഗ്ധ്യവും ഈ കേസില്‍ അദ്ദേഹം സുപ്രിംകോടതിയില്‍ പ്രകടിപ്പിക്കാത്തത്? അദ്ദേഹത്തോടുള്ള എന്റെ ഒന്നാമത്തെ ചോദ്യം അതായിരുന്നു.
അതിന്റെ കാരണമറിയാന്‍ വിശ്വാസിസമൂഹത്തിന് അവകാശമുണ്ട്.

പത്രസമ്മേളനങ്ങളിലും പൊതുയോഗത്തിലും പ്രകാശിക്കുന്ന നിയമവൈദഗ്ധ്യം കോടതിവിധിയില്‍ പ്രതിഫലിക്കില്ല. പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകനെന്നു കീര്‍ത്തികേട്ട ശ്രീധരന്‍ പിള്ളയ്ക്ക് അക്കാര്യം ഞാന്‍ പറഞ്ഞുകൊടുക്കേണ്ടതല്ലല്ലോ. ഈ കേസിലാണെങ്കില്‍ പന്ത്രണ്ടു വര്‍ഷം അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. വിചാരണവേളയില്‍ പലപ്പോഴും സ്ത്രീവിലക്കിനെതിരെ സുപ്രിംകോടതി വാക്കാല്‍ അഭിപ്രായപ്രകടനം നടത്തുകയും രാജ്യവ്യാപകമായി അക്കാര്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

എന്നിട്ടും കേസില്‍ കക്ഷി ചേരണമെന്ന് ഭരണഘടനാവിദഗ്ധനും നിയമപണ്ഡിതനുമായ എന്റെ സുഹൃത്തിനു തോന്നിയതേയില്ല. അതിന്റെ കാരണമാണ് തുറന്ന കത്തിലെ എന്റെ ഒന്നാം ചോദ്യം. അക്കാര്യത്തില്‍ ഇനിയെങ്കിലും ഒരു മറുപടി പറയണം. എനിക്കു മാത്രമല്ല, വിശ്വാസികള്‍ക്കാകെ ആ ഉത്തരമറിയാന്‍ ആകാംക്ഷയുണ്ട്.
ന്യായമായ മറ്റൊരു ചോദ്യം ഞാന്‍ ആവര്‍ത്തിക്കട്ടെ. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ ശ്രീധരന്‍ പിള്ളയുടേത് ആര്‍എസ്‌എസിന്റെ നിലപാടാണോ?

കേസിന്റെ വിചാരണയിലുടനീളം സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് ആര്‍എസ്‌എസ് സ്വീകരിച്ചത്. ഒരു ഘട്ടത്തില്‍പ്പോലും ബിജെപിയോ ശ്രീധരന്‍ പിള്ളയോ ഈ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടില്ല. ആ നിലപാടിന്റെ തുടര്‍ച്ചയായിരുന്നു, വിധി വന്നയുടന്‍ അദ്ദേഹം നടത്തിയ പ്രതികരണം. ആ നിലപാടില്‍ നിന്നാണ് പിന്നീട് തലകുത്തി മലക്കംമറിഞ്ഞത്. അതിന്റെ കാരണം ഇന്നത്തെ പത്രസമ്മേളനത്തിലും വ്യക്തമായി വിശദീകരിക്കപ്പെട്ടില്ല.

അക്കാര്യത്തിലും എന്തെങ്കിലും പറഞ്ഞൊഴിയാന്‍ അദ്ദേഹത്തിനു കഴിയില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രിംകോടതി വിധി അനുസരിക്കണമെന്ന് വളരെ വ്യക്തമായി ആര്‍എസ്‌എസ് നേതാവ് ഭയ്യാജോഷി നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ പണ്ഡിതരുടെ ഒരു സമിതിയെ വെച്ച്‌ തീര്‍പ്പുണ്ടാക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ കോടതിയുടെ തീര്‍പ്പിനു വഴങ്ങണമെന്നുമുള്ള അദ്ദേഹത്തിന്റെ ആവശ്യം മാഞ്ഞുപോയിട്ടൊന്നുമില്ല. ആ തീരുമാനം തങ്ങളും അംഗീകരിക്കുന്നുവെന്ന് കോടതിവിധിയ്ക്കു ശേഷവും രണ്ടു തവണ ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നീടാണ് മലക്കംമറിഞ്ഞത്. അതിന്റെ കാരണമാണ് ഞാനദ്ദേഹത്തോടു ചോദിച്ചത്. അതിനാണ് മറുപടി പറയേണ്ടത്.

ഇന്ന് മറുപടി പറഞ്ഞ തരത്തിലാണ് നിയമപാണ്ഡിത്യമെങ്കില്‍, അദ്ദേഹം കേസില്‍ നേരത്തെ കക്ഷി ചേരാതിരുന്നത് നന്നായി എന്നു വിശ്വാസികള്‍ക്ക് നെടുവീര്‍പ്പിടേണ്ടി വരും. സ്ത്രീപ്രവേശനം വിലക്കുന്ന കേരള നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു കണ്ട് റദ്ദാക്കുകയാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചു ചെയ്തത്. ഭരണഘടനാവിരുദ്ധമെന്നു വ്യാഖ്യാനിച്ച്‌ സുപ്രിംകോടതി ഭരണഘടനാബെഞ്ചു റദ്ദാക്കിയ ഒരു വകുപ്പ് ഓര്‍ഡിനന്‍സിലൂടെ വീണ്ടും സംസ്ഥാനം കൊണ്ടുവരണമെന്നു വാദിക്കുന്ന ശ്രീധരന്‍ പിള്ളയുടെ നിയമപരിജ്ഞാനത്തിന്റെ നിലവാരം ആ മേഖലയിലെ വിഗദ്ധര്‍ തീരുമാനിക്കട്ടെ.

ഇക്കാര്യത്തില്‍ ശ്രീധരന്‍ പിള്ളയോടുള്ള എന്റെ ചോദ്യം പ്രവീണ്‍ തൊഗാഡിയയുടെ നിലപാടിനെക്കുറിച്ചായിരുന്നു. സമരവേദിയിലേയ്ക്ക് ഞങ്ങളല്ലല്ലോ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന് നിങ്ങളുടെ സമരപ്പന്തലില്‍ പ്രസംഗിക്കാന്‍ വന്ന ആളല്ലേ പറഞ്ഞത്. അദ്ദേഹത്തിന് അജ്ഞതയാണെന്നാണ് ഇപ്പോള്‍ സമരനായകന്‍ വാദിക്കുന്നത്. സമരത്തിനാധാരമായ വിഷയത്തില്‍ ഇത്ര അജ്ഞതയുള്ളവരെയാണ് നിങ്ങള്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചുവരുത്തുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് നിയമനിര്‍മ്മാണം വേണമെന്നല്ല. അതു കഴിയില്ല എന്നുള്ളതാണ്. കേന്ദ്രത്തിനും കഴിയില്ല. സംസ്ഥാനത്തിനും കഴിയില്ല. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നിയമനിര്‍മ്മാണം വഴി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നത്തെക്കുറിച്ചല്ല നിങ്ങളുടെ സമരം. കേന്ദ്രത്തിന് വേണമെങ്കില്‍ ഭരണഘടന തിരുത്താം. പക്ഷേ, അതു കത്തിച്ചു കളയണമെന്ന് ആക്രോശിക്കുന്നവര്‍ തിരുത്താനൊക്കെ മെനക്കെടുമോ?
ഇക്കാര്യത്തില്‍ സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയ്ക്കു നല്‍കിയ ഉറപ്പ്. വിലക്കു നീക്കി സ്ത്രീകളെ പ്രവേശിപ്പിക്കാനാണ് വിധിയെങ്കില്‍ അങ്ങനെ. അതല്ല നിലവിലെ അവസ്ഥ തുടരണമെങ്കില്‍ അങ്ങനെ. ഈ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണ്. ശ്രീധരന്‍ പിള്ള ചെയ്യുന്നതുപോലെ നാഴികയ്ക്ക് നാല്‍പതുവട്ടം മാറുന്നതല്ല. സുപ്രിംകോടതിയ്ക്കു നല്‍കിയ ഉറപ്പ് ലംഘിക്കാന്‍ ഞങ്ങളില്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനോ തടയാനോ ഈ സര്‍ക്കാരില്ല. തടയണമെന്ന ആചാരം നിലനിര്‍ത്തണമെന്നു വാദിക്കുന്നവര്‍ക്കാണ് അതിനുവേണ്ട കോടതിവിധി സമ്ബാദിക്കാനുള്ള ഉത്തരവാദിത്തം.

അദ്ദേഹം ഇനിയും എനിക്കു മറുപടി പറയുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ ചോദ്യങ്ങള്‍ ചോദ്യങ്ങളായി എണ്ണിപ്പറയാം.

1. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്തുകൊണ്ട് ശ്രീധരന്‍ പിള്ളയും ബിജെപിയും സുപ്രിംകോടതിയില്‍ കക്ഷി ചേര്‍ന്നില്ല?

2. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് റദ്ദാക്കിയ ഒരു വകുപ്പ് തിരിച്ചുകൊണ്ടുവരുംവിധം സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മ്മാണത്തിന് അധികാരമുണ്ടെന്ന് ഏതു നിയമപുസ്തകത്തിലാണ് എഴുതിവെച്ചിട്ടുള്ളത്?

3. ശബരിമലയുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി അനുസരിക്കണമെന്ന ആര്‍എസ്‌എസ് നേതാവ് ഭയ്യാജോഷിയുടെ നിലപാടിനെ അംഗീകരിക്കുന്നുണ്ടോ?

4. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അക്കാലത്തു തന്നെ അതു തള്ളിപ്പറയാതിരുന്നത്?

5. ശബരിമലയിലെ ആചാരപരിഷ്കരണത്തിനുവേണ്ടി ആര്‍എസ്‌എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുന്‍കൈ ബിജെപി അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ ലേഖന പരമ്ബരയെ അന്നു തന്നെ തള്ളിപ്പറയാത്തത് എന്തുകൊണ്ട്?

6. വ്രതാനുഷ്ഠാനത്തിന്റെ കാലാവധി പരിമിതപ്പെടുത്തി ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്‌എസുകാരാണ് കേസരിയിലൂടെ ആവശ്യപ്പെട്ടത്. ഈ നിലപാട് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണ് എന്നു കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് അക്കാലത്ത് എതിര്‍ത്തില്ല?

ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുകയായിരുന്നു എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?

അടുത്ത മറുപടി പറയുമ്ബോള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *