കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പൊലീസിന്റെ കനത്ത സുരക്ഷയോടെ കൊച്ചിയിലെത്തിച്ചു. ശബരിമലയിലെ സംഭവം മാനസികമായും ശരീരികമായും തളര്‍ത്തിയെന്ന് സുഹാസിനി പറഞ്ഞു.
രാവിലെ ശബരിമല കയറാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികള്‍ തടയുകയായിരുന്നു. തന്നെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചെന്ന് സുഹാസിനി പമ്ബ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്‍പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ പമ്ബയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്.മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയും തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
