ചാരുംമൂട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജനയാണ് (36) അറസ്റ്റിലായത്. രണ്ടാം പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മൂന്നുവര്‍ഷം മുമ്ബ് വിവാഹമോചനം നേടിയ യുവതി മൂന്ന് വയസുകാരനായ മകനൊപ്പമാണ് കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. മാതാവ് ആറുമാസം മുമ്ബ് മരിച്ചു. രണ്ടാം ഭര്‍ത്താവ് കുരമ്ബാല സ്വദേശിയാണെന്ന് പറയുന്നു. ഗര്‍ഭ ശുശ്രൂഷകള്‍ക്ക് ആശുപത്രികളില്‍ പോകാതെ വീട്ടില്‍ സ്വയം പ്രസവിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശാവര്‍ക്കറെ ഫോണ്‍ ചെയ്ത് വരുത്തി. അവശനിലയില്‍ കിടന്ന ഇവരെ ആശാവര്‍ക്കര്‍ മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രസവ വിവരം ആശാ വര്‍ക്കറെ അറിയിച്ചിരുന്നില്ല. ഡോക്ടറുടെ പരിശോധനയിലാണ് ഇവര്‍ പ്രസവിച്ച കാര്യം ബോദ്ധ്യമായത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഇവര്‍ കൂടെ കരുതിയ ബാഗില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തു. ആലപ്പുഴയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗത്തും കഴുത്തിലും മൂക്കിലും പരിക്കേറ്റതായി കണ്ടെത്തി.
കരള്‍ തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഞ്ജന കുറ്റം സമ്മതിച്ചത്. ജനിച്ചുവീണ കുഞ്ഞ് ആദ്യമായി കരഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കി. രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരെ ഇന്നലെ വൈകിട്ടാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത ശേഷം മാവേലിക്കര കോടതിയില്‍ ഹാജരാക്കി.
