ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് പോലും സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും ഇത് ഉള്‍ക്കൊള്ളണം. 1949ലെ കവനെന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ വി പി മേനോനുമാണുണ്ടായിരുന്നത്.

രണ്ട് കാര്യമാണ് അതില്‍ കൈകാര്യം ചെയ്തത്. ഒന്ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച്‌ ഒന്നാകുന്ന കാര്യം. രണ്ടാമത് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും കൊച്ചിയിലേത്, കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലും കൊണ്ടുവരാനുമുള്ള തീരുമാനമാണത്‌ .

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്ബോള്‍ അന്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. പന്തളം രാജ കുടുംബം ഇതില്‍ കക്ഷിയായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവിതാംകൂറിന് പന്തളം രാജ്യവും രാജ്യാധികാരവും നേരത്തെ തന്നെ അടിയറ വച്ചിരുന്നു. കടക്കെണിയില്‍ പെട്ടതാണ് ഇതിനു കാരണം

അതിന്റെ ഭാഗമായി പന്തളം രാജ്യവും അവിടുത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഈ അധികാരങ്ങളൊക്കെ പണ്ടുമുതലെ ഇല്ലാതായതായി കാണാനാകുമെന്നും പിണറായി വിശദീകരിച്ചു.

ഐക്യ കേരളം രൂപപ്പെട്ടപ്പോള്‍ അത് കേരളത്തിന്റെ സ്വത്തായി, പിന്നീട് ഹിന്ദു ക്ഷേത്രം ഭരിക്കാന്‍ ദേവസ്വം ബോര്‍ഡെന്ന സ്വതന്ത്ര ബോര്‍ഡുണ്ടാക്കി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് ശബരിമല. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ്.

ഇതാണ് വസ്തുതകള്‍. അതിനാല്‍ തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടതില്ല. എന്നാല്‍ ഉത്സവകാലത്ത് ഇവര്‍ക്ക് നല്‍കുന്ന ഉത്തരവാദിത്വങ്ങള്‍ ഇല്ലാതാക്കുക എന്നത് സര്‍ക്കാര്‍ ശ്രമമല്ല. തെറ്റായ അധികാരത്തെ കുറിച്ച്‌ പറയുമ്ബോള്‍ യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്ര പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ ക്ഷേത്രം തന്നെ അടച്ചിട്ടിരുന്നു.

28 ദിവസത്തോളം ക്ഷേത്രം അടഞ്ഞുകിടന്നു. ബഹുജന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ക്ഷേത്രം തുറക്കുകായായിരുന്നുവെന്നും പിണറായി വിശദീകരിച്ചു.

ശബരിമലയിലെ തന്ത്രി ക്ഷേത്രം അടച്ചിടും എന്ന് പ്രഖ്യാപിച്ചു. പരികര്‍മ്മികള്‍ സമരം ചെയ്തു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ഷേത്രത്തിന്റെ പരിപാലനാവകാശം ദേവസ്വം ബോര്‍ഡിനാണ്. വിശ്വാസികളുടെ വഴിമുടക്കലല്ല, അവര്‍ക്ക് ക്ഷേത്രത്തിലെത്താനുള്ള സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്വമാണ് തന്ത്രിക്കുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചത് 302.18 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *