ഇസ്താംബുള്‍:മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി കോണ്‍സുലേറ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി സംഭവിച്ചതാണെന്ന സൗദിയുടെ അവകാശവാദം തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ തള്ളി. ദിവസങ്ങള്‍ക്ക് മുമ്ബേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണതെന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എര്‍ദോഗന്‍ ഇന്നലെ തുര്‍ക്കി പാര്‍ലമെന്റില്‍ പറഞ്ഞു. കുറ്റക്കാരെന്നു സംശയിക്കുന്ന 18 പേരെ കുറ്റവിചാരണ ചെയ്യാന്‍ തുര്‍ക്കിക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് എല്ലാവരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ്. ഖഷോഗി കൊല്ലപ്പെട്ട് മണിക്കൂറിനുള്ളില്‍ ഇസ്താംബുള്‍ വിട്ട 15 പേര്‍ സുരക്ഷാ, ഇന്റലിജന്‍സ് ഫോറന്‍സിക് ഉദ്യോഗസ്ഥരായിരുന്നു. വെള്ളിയാഴ്ച കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ ചൊവ്വാഴ്ച വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. അതുകൊണ്ട് അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ കോണ്‍സുലേറ്റില്‍ എത്തുമെന്ന് സൗദി അധികൃതര്‍ക്ക് വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം തദ്ദേശീയന് കൈമാറിയെന്ന് സൗദി പറയുന്നു, ആരാണത്? ചോദ്യങ്ങള്‍ ചോദിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും എര്‍ദോഗന്‍ പറഞ്ഞു.
ഖഷോഗിയെ കൊലപ്പെടുത്തിയെന്നു വിശ്വസിക്കപ്പെടുന്ന സംഘത്തിലെ ഒരാള്‍ ഖഷോഗിയുടെ വേഷത്തില്‍ പുറത്തേക്കുവന്നതായി സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോണ്‍സുലേറ്റില്‍ വച്ചല്ല ഖഷോഗി കൊല്ലപ്പെട്ടതെന്നു വരുത്താനാണ് ഇത്തരം ശ്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
