ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കര്‍ കണ്ടുകെട്ടി

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി.തമിഴ്നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി വാങ്ങിയെന്നും ഇതു സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.ബിനാമി പേരില്‍ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. 2001ല്‍ രണ്ട് ഘട്ടമായി 33 പേരില്‍ നിന്നാണ് ജേക്കബ് തോമസ് സ്വന്തം പേരില്‍ ഭൂമി വാങ്ങിയത്. 2002, 2003 വര്‍ഷങ്ങളില്‍ അദ്ദേഹം സര്‍ക്കാരിനു നല്‍കിയ സ്വത്തുവിവര സത്യവാങ്മൂലത്തില്‍ ഇതുണ്ട്. ഭാര്യ ഡെയ്സിയുടെ പേരിലാണ് ഭൂമിയെന്നാണ് 2003ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടില്ല.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് കോണ്‍ടക്‌ട് റൂള്‍സ് 16 (2) പ്രകാരം സ്വത്തുവിവരം നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് ചട്ടം. രജിസ്‌ട്രേഷന്‍ രേഖകളില്‍ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്ബനിയുടെ വിലാസത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി. രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്ബനി ഡയറക്ടറാണ്. എന്നാല്‍, കമ്ബനി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രേഖകളില്‍ ബേബി തോമസ്, ലെവിന്‍ തോമസ് എന്നിവരാണു ഡയറക്ടര്‍മാര്‍. ഇതേ വിലാസത്തില്‍ ഒരു ടൂര്‍ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂര്‍ കമ്ബനിയുമായുള്ള ബന്ധം മുമ്ബ് വിജിലന്‍സ് അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല.

ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ ഭൂമിയുടെ കാര്യവും ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *