ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കന്പനികളുടെ ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. മല്യയുടെ ഉടമസ്ഥതയിലുള്ള കന്പനിയുടെ കീഴില്‍ വരുന്ന യുണൈറ്റഡ് റേസിംഗ് ബ്ലഡ് സ്റ്റോക്ക് ബ്രീഡേഴ്സ് എന്ന കന്പനിയുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്നാണ് ആദായ നികുതി വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ഓഹരികള്‍ വാങ്ങരുതെന്നു ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് നോട്ടീസും ഇറക്കിയിട്ടുണ്ട്. മല്യയുടെ കടം തിരിച്ചു പിടിക്കുന്നതിനുവേണ്ടി ഓഹരികള്‍ ഇ-ലേലത്തിലൂടെ വില്ക്കുവാന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ മുപ്പതിനാണ് വില്‍പ്പന നടത്താന്‍ ട്രിബ്യൂണല്‍ തീരുമാനിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു മല്യ എടുത്ത വായ്പ തിരിച്ചുപിടിക്കുന്നതിനാണു ലേലം നടത്തുന്നത്. സേവന നികുതി ഇനത്തില്‍ ഏകദേശം 87.5 കോടി രൂപയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള കന്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍ക്കാരിന് നല്‍കാനുള്ളത്.
വിജയ് മല്യ 1998-ലാണ് യുണൈറ്റഡ് റേസിംഗ് ബ്ലഡ് സ്റ്റോക്ക് ബ്രീഡേഴ്സ് എന്ന കന്പനി രൂപീകരിക്കുന്നത്. കുതിര പന്തയങ്ങള്‍ക്കും നല്ലയിനം കുതിരകളുടെ പ്രജനനവുമായിരുന്നു കന്പനിയുടെ ലക്ഷ്യം. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി 9380 കോടി കടമെടുത്ത വിജയ്മല്യ വായ്പ തിരിച്ചടക്കാതെ 2016 മാര്‍ച്ചിലാണ് ലണ്ടനിലേക്കു കടന്നത്. പണമിടപാടു സംബന്ധിച്ചുളള നിരവധി കേസുകളാണു മല്യ ഇന്ത്യയിലും വിദേശത്തും നേരിടുന്നത്.
