ആശ്രമത്തിലെ ആക്രമണം; ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു.

രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *