കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുന്‍പേ അമിത് ഷാ പറന്നിറങ്ങി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി ഇതോടെ അമിത് ഷാ മാറി. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ പിണറായിയിലെ ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദര്‍ശിക്കും. ഇവരുടെ വീടും പരിസരവും കഴിഞ്ഞദിവസം മുതല്‍ത്തന്നെ സുരക്ഷാവലയത്തിലാണ്. ഇതിനുശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മൂന്നിനു ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക.
എസ്പിജിക്കുപുറമെ പോലീസിന്റെ കമാന്‍ഡോ വിഭാഗവുമാണ് അമിത് ഷായ്ക്കു സുരക്ഷയൊരുക്കുന്നത്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാന്‍ഡോകളുടെയും യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
