കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി. അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്ബാണ് ജില്ലയിലെ ഇത്തരത്തിലുള്ള ഏക സ്‌കുള്‍ അടച്ചുപൂട്ടിയത്. കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്ബനി മന്ദഗതിയിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതോടെ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്.
പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട്ടെ ഏക റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് അടച്ചുപൂട്ടിയത്. അടിസ്ഥാന സൗകര്യമില്ല എന്ന കാരണത്താലായിരുന്നു സര്‍ക്കാര്‍ തീരുമാനം. ജില്ലയുടെ വിവിധയിടങ്ങളിലായി വാടകകെട്ടിടത്തിലായിരുന്നു സ്‌കൂള്‍ അതുവരെ പ്രവര്‍ത്തിച്ചിരുന്നത്. നൂറോളം കൂട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം ആദ്യം ഉള്ള്യേരിയിലും തുടര്‍ന്ന് വടകരയിലുമായിരുന്നു.
രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു സ്‌കൂള്‍ അടച്ചുപൂട്ടുമ്ബോള്‍ സര്‍ക്കാറിന്റെ വിശദീകരണം. ഇതിനായി 19 കോടി രൂപയും അനുവദിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മരുതോങ്കരയില്‍ എടുത്ത് നല്‍കിയ സ്ഥലത്ത് കരാര്‍ ഏറ്റെടുത്തിരുന്ന പാലാല്‍ എന്ന കമ്ബനി പ്രവര്‍ത്തിയും ആരംഭിച്ചു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിടുമ്ബോഴും ക്ലാസ് മുറികളുടെ നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയിലാണ്. ഹോസ്റ്റലിന്റെ അടിത്തറയുടെ നിര്‍മാണം പോലൂം പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
