തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം ഭരണഘടനാ വിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം അടിസ്ഥാനപരമായി തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.കെ.ജി പഠന ഗവേഷണകേന്ദ്രം എ.കെ.ജി ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരേസമയം പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ പാര്‍ലമെന്റ് നേരത്തേ പിരിച്ചുവിടുകയോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട കാലാവധിയേക്കാള്‍ അധികം നാള്‍ തുടരാനനുവദിക്കുകയോ വേണം. സമാനമായ സാഹചര്യം സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും സംഭവിക്കും. അങ്ങനെയാവുമ്ബോള്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജനഹിതത്തെ റദ്ദ് ചെയ്യേണ്ടിവരും. അത് ഭരണഘടനയുടെ കേന്ദ്രബിന്ദുവിനെ ലംഘിക്കലാവും. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും അവര്‍ രൂപീകരിക്കുന്ന സര്‍ക്കാരുകളുമാണ് ജനങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത്.

തിരഞ്ഞെടുപ്പിനെ അപ്രസക്തമാക്കുന്ന അമിതാധികാര കേന്ദ്രീകരണത്തെ സഹായിക്കുന്ന പ്രസിഡന്‍ഷ്യല്‍ സമ്ബ്രദായം അംഗീകരിക്കാനാവില്ല. രണ്ട് പാര്‍ട്ടി സമ്ബ്രദായം എന്ന നിര്‍ദ്ദേശവുമുണ്ട്. നിയമസഭകളിന്മേല്‍ കൈ കടത്തുന്നത് ഫെഡറല്‍ഘടനയെ പ്രതികൂലമായി ബാധിക്കും. അത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം പിരിച്ചുവിടപ്പെട്ട മന്ത്രിസഭ കേരളത്തിലായിരുന്നു. അന്ന് പിരിച്ചുവിട്ട മന്ത്രിസഭയുടെ പിന്‍തലമുറക്കാനും ആ തിക്താനുഭവം ഏറ്റുവാങ്ങിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും എന്ന നിലയില്‍ അത്തരം വാദങ്ങളോട് യോജിക്കാനാവില്ല. ഇപ്പോഴും ഇത്തരം ചില ഭീഷണികള്‍ ഉയര്‍ന്നുവന്നത് പ്രത്യേകം നാം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം നടപ്പാക്കാനാവാത്ത രാഷ്ട്രീയകക്ഷികള്‍ക്ക് എങ്ങനെ നാട്ടിലെ ജനാധിപത്യം സംരക്ഷിക്കാനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസിലും ബി.ജെ.പിയിലും നേതാക്കളെ തിരഞ്ഞെടുക്കുകയല്ല, നിയമിക്കുകയാണ്. മതനിരപേക്ഷ, ജനാധിപത്യ, സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തുന്നവര്‍ ഭരണത്തിലെത്തരുത് എന്നുറപ്പ് വരുത്താനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ഉണ്ടാവണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെട്ട് വരുന്നത് എന്നും ഉറപ്പാക്കണം.

തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ പേരില്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമാരംഭിച്ചിരിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിഷ്കരണം ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനായിരിക്കണമെന്നും കോടിയേരി പറഞ്ഞു.

അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, കെ. ശശിധരന്‍ നായര്‍, ജെ. പ്രഭാഷ്, എന്‍.കെ. ജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *