സൗദിയില്‍ പ്രളയത്തില്‍ 14 മരണം; 299 പേരെ രക്ഷപ്പെടുത്തി

മനാമ> സൗദിയില്‍ ദിവങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു. 299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ 282 വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 88 പേര്‍ക്ക് സര്‍ക്കാര്‍ ബദല്‍ താമസ സൗകര്യമൊരുക്കി. കനത്ത മഴയില്‍ മക്കയിലെ അല്‍ റാഷിദിയ ജില്ല ഒറ്റപ്പെട്ടു.

അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത മഴ പെയ്തു. മക്കക്കു വടക്കുകിഴക്ക് അല്‍ശാമിയ ഗ്രാമത്തില്‍ മഴക്കിടെ ഏതാനും കാറുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ തകരുകയും വൈദ്യുതി പോസ്റ്റുകള്‍ നിലംപിക്കുകയും ചെയ്തു. പ്രളയ സാധ്യത കണക്കിലെടുത്ത് തായിഫ്തുര്‍ബ റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചു.

അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇല്‍ കാര്‍ ഒഴുക്കില്‍പെട്ട് സവദേശി യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് തുറുബയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ സൗദി പൗരനു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുകയാണ്. അല്‍അബ്ബാസിയ ഗ്രാമത്തിനു സമീപം വാദി തുറുബ മുറിച്ചുകടക്കുന്നതിനിടെയാണ് സൗദി പൗരന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. സിയില്‍ ഒക്‌ടോബര്‍ 19 മുതലാണ് മഴ തുടങ്ങിയത്. ഈ സീസണില്‍ മഴ സാധാരണമാണെങ്കിലും ഇത്ര കനത്ത മഴ ആദ്യമാണെന്ന് കാലാവസ്ഥ വിഭവാഗം വ്യക്തമാക്കി. ഞായറാഴ്ചവരെ രാജ്യത്തിന്റ പല ഭാഗങ്ങലും ഇടിയോടുകൂടിയ കനത്ത മഴയും കാറ്റും ലഭിക്കുമെന്ന് കാലാവസ്ഥ, പരിസ്ഥിതി സംരക്ഷണ വിഭാഗം ജനറല്‍ അതോറിറ്റി അറിയിച്ചു.

സൗദിക്കൊപ്പം യുഎഇയിലും ബഹ്‌റൈനിലും ഖത്തറിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു. ചെങ്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത മഴക്ക് കാരണമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ വടക്ക്, മധ്യഭാഗങ്ങളിലൂടെ യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളിലേക്ക് നീങ്ങിയതാണ് ഇടിയോടുകൂടിയ ശക്തമായ കാറ്റും മഴയും അനുഭവപ്പെടാന്‍ കാരണം. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലും ഫുജൈറയിലും ഉരുള്‍പൊട്ടിയിരുന്നു. വാദികള്‍ നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിര്‍ത്തിയിട്ട വാഹനങ്ങളും ഒലിച്ചുപോയി. യു.എ.ഇയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതവും വിനോദസഞ്ചാര കേന്ദ്രവുമായ ജബല്‍ ജെയ്സിലേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു.

മലമുകളില്‍നിന്നും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ശക്തമായ കാറ്റും മഴയും പലയിടത്തും നാശം വിതച്ചു. മരങ്ങള്‍ കടപുഴകി. കെട്ടിടത്തിന് മുകളിലെ ഡിഷുകളും സൈന്‍ബോഡുകളും പറന്നുപോയി. വീശിയടിച്ച ശക്തമായ കാറ്റില്‍ ബഹുനില കെട്ടിടത്തിനകത്തുവരെ വെള്ളം കയറി. വടക്കന്‍ എമിറേറ്റുകളിലെ വടക്കുപടിഞ്ഞാറ് തീരപ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

മഴയുള്ള സമയത്ത് വാഹനമോടിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഫുജൈറയിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലമുകളില്‍നിന്ന് കുത്തിയൊഴുകിയെത്തിയ വെള്ളവും കല്ലും മണ്ണും റോഡുകളില്‍ നിറഞ്ഞത് ഗതാഗതത്തെ തടസപ്പെടുത്തി. ഖോര്‍ഫക്കാനിലും ഷാര്‍ജയുടെ ഏതാനും ഭാഗങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു.

അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്റയിലും സമീപ പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. അടുത്ത ഏതാനും ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നും വ്യാഴാഴ്ച വരെ മഴയുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ എമിറേറ്റുകളില്‍ ഇതുവരെ 102.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 1977നു ശേഷം ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണിത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തെക്കു പടിഞ്ഞാറന്‍ യുഎഇയിലെ മഖാരിസിലാണ് 50.7 മില്ലിമീറ്റര്‍.
മഴയോടെ ഗള്‍ഫിലെ മിക്ക മേഖലകളിലും അന്തരീക്ഷ താപനിലയും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *