നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കുവാനുള്ള തന്ത്രം; സര്‍ക്കാറിനെതിരെ ബിജെപി

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കുവാനുള്ള നിരീശ്വരവാദികളുടെ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണമെന്നും ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട മേഖലയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നിലയ്ക്കല്‍ ലാത്തിച്ചാര്‍ജ്ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുവതികളെ ശബരിമലയിലേയ്ക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുനഃപരിശോധനാ ഹര്‍ജി അപൂര്‍വങ്ങളില്‍ അപൂര്‍വമായേ കോടതി പരിഗണിക്കൂവെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. റിവ്യൂ ഹര്‍ജി മാത്രം കണക്കിലെടുത്തായിരിക്കില്ല ബിജെപി നിലപാട് സ്വീകരിക്കുകയെന്നും വിശ്വാസികള്‍ക്കൊപ്പം നിന്ന് സമരം ശക്തമാക്കുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്‌എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും അറിയിച്ചിട്ടുണ്ട്. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നതെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെരുന്നയില്‍ എന്‍എസ്‌എസ് പതാക ദിനാചരണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *