അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങും; ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കും: രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി

ന്യൂഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി . തര്‍ക്കത്തിലെ രണ്ടു കക്ഷികളുടെയും ഉഭയ സമ്മതത്തോടെയാവും ക്ഷേത്രനിര്‍മാണമെന്ന് പറഞ്ഞ അദ്ദേഹം ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കുമെന്നും അറിയിച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിര്‍മാണത്തിന് ഒരു ഓര്‍ഡിനന്‍സിന്റെയും ആവശ്യമില്ലെന്നും ബിജെപി മുന്‍ എംപി കൂടിയായ വേദാന്തി അറിയിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ നീണ്ടുപോയാല്‍ 1992 ലേതിനു സമാനമായ പ്രക്ഷോഭം ആരംഭിക്കാന്‍ മടിക്കില്ലെന്ന് ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോധ്യ വിഷയത്തിനു മുഖ്യപരിഗണന നല്‍കാത്ത സുപ്രീംകോടതി നിലപാട് തങ്ങളെ അപമാനിക്കുന്നതാണെന്ന് ഹിന്ദുക്കള്‍ കരുതുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മുംബൈയില്‍ ആര്‍എസ്‌എസ് നിര്‍വാഹക സമിതി സമ്മേളനത്തില്‍ ജോഷി ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാംജന്മഭൂമി ന്യാസിന്റെ പ്രതികരണം.

2019 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വേദാന്തി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *