ശബരിമല: റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല; പകരം മൂന്നംഗ ബെഞ്ചിന്, ജഡ്ജിമാരില്‍ മലയാളിയും

ന്യൂഡല്‍ഹി:  ശബരിമല വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചായിരിക്കും ഇനി മുതല്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെഎം .ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നവംബര്‍ 13 ന് ആണ് റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.

പുന:പരിശോധനാഹര്‍ജികള്‍ ഭരണഘടനാബഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിശോധിക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്മാറി. ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമോയെന്ന് ഇനി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തീരുമാനിക്കും. രണ്ട് കോടതിയലക്ഷ്യഹര്‍ജികളും സോളിസിറ്റര്‍ ജനറലിന് കൈമാറി.

യുവതീപ്രവേശത്തിന് എതിരെ പരസ്യ നിലപാടെടുത്തിരുന്ന എജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയെ സ്വാഗതം ചെയ്തിരുന്നു. യുവതീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടിയും കോടതിയില്‍ നേരത്തേ ഹാജരായിട്ടുണ്ട്. ഇതാണ് പിന്മാറ്റത്തിനുളള കാരണമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളള, ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി.രാമവര്‍മരാജ തുടങ്ങിയവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജികളെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *