ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡി.ജി.പി, സുരക്ഷ തേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്നും പൊലീസ്

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച്‌ ശബരിമല നടതുറക്കുമ്ബോള്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാദ്ധ്യമങ്ങളെ കടത്തിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മാദ്ധ്യമങ്ങളെ പ്രതിഷേധക്കാര്‍ ആക്രമിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മാദ്ധ്യമങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സി.നാരായണന്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിനിടെ, തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ 3731പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കുമെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ശബരിമലയില്‍ സ്ത്രീകളെ മുന്‍നിറുത്തി സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് ഇലവുങ്കലില്‍ വച്ച്‌ തന്നെ തീര്‍ത്ഥാടകരെ ബാരിക്കേഡ് വച്ച്‌ പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കല്‍ വരെ തീര്‍ത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *