ഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍…തുറന്നടിച്ച്‌ കോടിയേരി

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാര്‍ സംഘടനകള്‍ സന്നിധാനത്ത് തടയുകയാണ്. ഇവരെ മര്‍ദിക്കുന്നത് ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്ബ് വരെ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളാരും ശബരിമലയിലേക്ക് വരേണ്ടെന്ന നിലപാടാണ് ആര്‍എസ്‌എസിന്റേത്. വിശ്വാസത്തിന്റെ പേരില്‍ ഏത് സ്ത്രീകളെയും തടയുവാനും കടന്ന് പിടിച്ച്‌ ആക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ പോകുന്നതെന്നും കോടിയേരി ആരോപിച്ചു.

കുട്ടിക്ക് ചോറ് കൊടുക്കുന്നതിന് വേണ്ടിയാണ് തൃശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് ഭീകരമായി മര്‍ദിച്ചത്. ആന്ധ്രയില്‍ നിന്നെത്തിയ 50 വയസ്സുകഴിഞ്ഞ സ്ത്രീകളെയും ഇരുമുടിക്കെട്ട് ഇല്ലെന്ന കാരണത്താല്‍ സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. അതേസമയം വിശ്വാസികളുടെ പേരില്‍ ശബരിമല സന്നിധാനത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ ഇത് വ്യക്തമാക്കിയതാണ്.

ആര്‍എസ്‌എസിന്റെ പ്രകോപനത്തെ ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *