കല്‍പ്പറ്റ: കമ്ബളക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ സൈബര്‍ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാര്‍ ഒരു മാസത്തെ ഇടവേളയില്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന.
ഈ ശൃംഖലയില്‍പ്പെട്ട കൗമാരക്കാര്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നതായും ഏറ്റവും ലക്ഷ്വറി ആയതും സൈബര്‍ കേന്ദ്രീകൃതമായതും ദുരൂഹമായതുമായ ജീവിത വഴികളിലൂടെയാണ് കടന്നു പോകുന്നതെന്നുമാണ് ഏറ്റവും പുതിയ വിവരം.
ഇതില്‍ ഇവര്‍ ആനന്ദം കണ്ടെത്തിയിരുന്നു. സൈബര്‍ ലോകത്തെ ഇവര്‍ മറയാക്കി മരണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. മറ്റ് ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടിലെത്തും. ഇതുവരെയും ആര്‍ക്കെതിരെയും കേസ് എടുക്കുന്ന തരത്തിലുള്ള വഴിത്തിരിവ് ഉണ്ടായിട്ടില്ല. എന്നാല്‍ കൗമാരക്കാരുടെ പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്.
ആത്മഹത്യ ചെയ്ത സഹപാഠികളും സുഹൃത്തുക്കളും വലിയ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായും വിവരമുണ്ട്. കണിയാമ്ബറ്റയിലുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് സംഘം സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിലെ മരണപ്പേജുകളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന സംശയങ്ങള്‍ക്കിടെയാണ് സാമ്ബത്തിക ഇടപാടുകള്‍ കൂടി പുറത്തുവരുന്നത്. കുട്ടികള്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ ബൈക്കുകള്‍ക്കും ഫോണുകള്‍ക്കും പിന്നിലെ സാമ്ബത്തിക സ്രോതസ്സാണ് പോലീസ് അന്വേഷണം ഈ വഴിക്കും കൊണ്ടുപോയത്.
കണിയാമ്ബറ്റയിലുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ മരിച്ച വിദ്യാര്‍ഥികളും സുഹൃത്തുക്കളും കമ്ബളക്കാട് സ്വദേശിയുടെ ഇന്നോവ കാര്‍ മാസം 40,000 രൂപക്കാണ് ലീസിനെടുത്തിരുന്നത്. ഇവര്‍ വാഹനം കമ്ബളക്കാട് സ്വദേശിയായ മറ്റൊരു യുവാവിന് 50,000 രൂപക്ക് മറിച്ച് ലീസിന് നല്കി. പിന്നാലെ കമ്ബളക്കാട് സ്വദേശി മലപ്പുറം എടക്കരയിലുള്ള യുവാവിന് മൂന്നര ലക്ഷത്തിന് കാര്‍ ലീസിന് നല്കി.
ഇദ്ദേഹം ഇപ്പോള്‍ ഗള്‍ഫിലാണെന്നാണ് വിവരം. പ്രായപൂര്‍ത്തിപോലും ആകാത്ത കുട്ടികളുടെ വന്‍ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷണ സംഘത്തെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ കാര്‍ ഉടമ വാഹനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കുട്ടികളെ സമീപിച്ചതോടെ ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. കുട്ടികളുടെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ കാര്‍ ഉടമ കമ്ബളക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പണം തിരികെ നല്കാനാകാതെ വന്നതോടെ കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഒരു അധ്യാപകന് കണിയാമ്ബറ്റയിലുള്ള വിദ്യാര്‍ഥിക്ക് ആറു ലക്ഷത്തോളം രൂപ വായ്പ നല്‍കിയതായും വിവരമുണ്ട്. ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് ഇദ്ദേഹം വിദ്യാര്‍ത്ഥിക്ക് വായ്പ നല്‍കിയത്.
ഇദ്ദേഹത്തിന് വിദ്യാര്‍ത്ഥി ഇനിയും രണ്ടേകാല്‍ ലക്ഷത്തോളം രൂപ മടക്കി നല്‍കാനുണ്ട്. വിദ്യാര്‍ത്ഥി കോഴിക്കോട് പഠിക്കാന്‍ പോയിരുന്ന സമയത്താണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇദ്ദേഹം ഇത്രയും വലിയ തുക വായ്പ നല്കിയതും ദുരൂഹത ഉയര്‍ത്തുന്നു. ഇതിനിടെ ഓണ്‍ ലൈന്‍ ആത്മഹത്യ ശൃംഖലയെക്കുറിച്ചും സാമ്ബത്തിക കാര്യങ്ങളെക്കുറിച്ചും സമാന്തരമായി അന്വേഷിക്കുന്ന ഇന്റലിജന്‍സ് വിഭാഗം എല്ലാ ജില്ലകളിലും രഹസ്യാന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
