തിരുവനന്തപുരം: കേരളത്തെ പിന്നോട്ടടിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഉണ്ട്. ക്ഷേത്രം അടച്ചിട്ട് പ്രവേശനം തടയാമെന്നു കരുതിയവരുണ്ട്. അതെല്ലാം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. സാമൂഹ്യമുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. സാമൂഹ്യമുന്നേറ്റത്തിന്റെ പതാക വാഹകരുടെ പേര് ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെടും. ഇതില്‍ ഏതു പക്ഷമാണെന്നതാണ് ചോദ്യം. നാം ഓരോരുത്തരും എതു പക്ഷത്തു നില്ക്കുന്നു എന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ മുന്നേറ്റത്തിനൊപ്പം നില്ക്കുന്ന പക്ഷം തെരഞ്ഞെടുത്തില്ലെങ്കില്‍ ഭാവിതലമുറ നമ്മെ കുറ്റക്കാരെന്നു വിധിക്കും- പിണറായി പറഞ്ഞു.
സാമൂഹ്യ മുന്നേറ്റത്തിനു നാം ഒന്നിച്ചു നില്‍ക്കണം. പുരോഗമനപരമായ ഇടപെടലുകളെ പിന്നോട്ടു നയിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നവോഥാന പേരാരാട്ടത്തില് അവര്‍ണര്‍ക്കൊപ്പം സവര്ണരുമുണ്ടായിരുന്നു. മന്നത്ത് പത്മനാഭന് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
