കൊച്ചി: വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന് ലാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നല്‍കിയതെന്നും ഹര്ജിക്കാരന് വാദിച്ചു. യുവതിയുടെ കൈയില്‍ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചത്.
ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോടു മോശമായി പെരുമാറിയെന്ന കേസില്‍ ജീവന് ലാലിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 13-ന് ഇരിങ്ങാലക്കുട എംഎല്‍എയുടെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ പ്രവേശനത്തിനു സഹായിക്കാമെന്നു പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവന്‍ലാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവര്‍ത്തകയുടെ പരാതി.
സംഭവം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ജീവന്‍ലാലിനെതിരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണു പരാതിക്കാരി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തതിനു പിന്നാലെ ജീവന്‍ലാലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
