ബംഗളൂരു: കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
യെദിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് കേസില്‍ ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്ബനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. നിരവധി നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്ബനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെയുണ്ടായിരുന്ന കേസ്. റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി ഇയാള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. ജനാര്‍ദന്‍ റെഡ്ഡിയേയും അലിഖാനേയും പിടികൂടാന്‍ പോലീസ് നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുള്ളത്.
