തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങള്‍ എല്ലാം തള്ളി മന്ത്രിയുടെ ഓഫീസ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ചതില്‍ അപാകതയുണ്ടെന്ന ആരോപണത്തിന്, ഇത് സ്വകാര്യ എയ്ഡഡ് സ്കൂളാണ്, മാനേജറാണ് ഇവിടത്തെ നിയമനാധികാരി എന്നാണു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണു നിയമനം നടന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പാണു നിമയനം നടന്നതെന്നും വിശദീകരിക്കുന്നു.
തൃശൂര്‍ കിലയില്‍ അനധികൃത നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല. അവിടത്തെ നിയമനാധികാരി ഡയറക്ടറാണ്. നിബന്ധനകള്‍ക്ക് വിധേയമായി കുടിവെള്ള കന്പനിക്ക് ലൈസന്‍സ് നല്കാന് മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവും തെറ്റാണ്.
ജെയിന് യൂണിവേഴ്സിറ്റിക്ക് കേരളത്തില്‍ ഓഫ് കാന്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതു പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
