ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വം: ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ.മുരളീധരന്‍ നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബി.ജെ.പിക്ക് വളം വയ്‌ക്കുന്നത് സി.പി.എമ്മാണ്. പകല്‍ കമ്യൂണിസവും രാത്രി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് വാങ്ങണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ എങ്ങനെയാണ് ഈ പാസുകള്‍ വാങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റേത് തലതിരിഞ്ഞ ഉത്തരവാണ്. തലതിരിഞ്ഞ സര്‍ക്കാരുകള്‍ ഭരിക്കുമ്ബോള്‍ ഇങ്ങനെയുള്ള ഉത്തരവുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹരികുമാറിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. എത്ര ഉന്നതനായാലും കൊലയാളിയെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഹരികുമാറിനെ കണ്ടെത്താന്‍ പഴുതടച്ച നീക്കമാണ് പൊലീസ് നടത്തുന്നത്. ഇയാളുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുപ്പതോളം ബന്ധുക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ബന്ധുക്കളെ വീണ്ടും വിളിച്ച്‌ വരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *