ബസ്തര്‍: നഗര മാവോവാദികള്‍ക്കു കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയില്‍നിന്നു ദേശീയതയെക്കുറിച്ച് പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്നും ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ് നേതാക്കളെയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ മോദി ആരോപണം ഉന്നയിച്ച ജഗ്ദല്‍പൂരിലെ അതേ വേദിയിലാണ് രാഹുല്‍ മറുപടി നല്‍കിയത്.
നന്ദകുമാര്‍ പട്ടേല്‍, മഹേന്ദ്ര കര്‍മ എന്നിവരുടെ പേരുകള്‍ നിങ്ങള്‍ (മോദി) ഇപ്പോള്‍ ഓര്‍ക്കും. നക്സലുകളെ കുറിച്ച് മോദി പറഞ്ഞ അതേവേദിയില്‍ നിങ്ങള്‍ക്കു ഞാന്‍ മറുപടി നല്കുന്നു. ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഇവിടുത്തെ ജനങ്ങള്‍ക്കായി യഥാര്‍ഥത്തില്‍ ജീവന് നല്‍കിയിരിക്കുന്നത്. ആരാണ് നക്സലുകളെക്കുറിച്ചു സംസാരിക്കുന്നത്, പ്രധാനമന്ത്രിതന്നെ. അദ്ദേഹം ഇവിടെയെത്തി കര്മയെയും പട്ടേലിനെയും കോണ്‍ഗ്രസിനെയും പ്രവര്‍ത്തകരെയും അപമാനിച്ചയാളാണ്- രാഹുല്‍ പറഞ്ഞു.
മോദി ദേശീയതയെക്കുറിച്ചു നിരന്തരം സംസാരിക്കുന്നു. ഇതേമനുഷ്യന് തന്നെയാണ് അനില്‍ അംബാനിയെയും കൂട്ടി ഫ്രാന്‍സില്‍ പോയി റഫാല്‍ കരാര്‍ ഒപ്പിട്ടത്. അവര്‍ കരാര്‍ പൊളിച്ചെഴുതി. അനില്‍ അംബാനി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വിമാനംപോലും നിര്‍മിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ 526 കോടി രൂപയ്ക്കു വാങ്ങാന്‍ തീരുമാനിച്ച വിമാനം മോദി 1600 കോടി രൂപയ്ക്കു വാങ്ങി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സില്നിന്നു കരാര്‍ തട്ടിയെടുത്ത് അനില്‍ അംബാനിക്കു നല്കി. എന്താണ് അനില്‍ അംബാനിയുടെ യോഗ്യത, അദ്ദേഹം മോദിയുടെ സുഹൃത്താണ്- രാഹുല്‍ പരിഹസിച്ചു.
സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഷങ്ങള്‍ തടവ് അനുഭവിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ കൈകൂപ്പി മാപ്പിരന്ന വിനായക് സവര്‍ക്കറാണ് ബിജെപിയുടെ ആരാധ്യപുരുഷനെന്നും അതുകൊണ്ട് കോണ്‍ഗ്രസിന് ദേശീയതയെ സംബന്ധിച്ചു ക്ലാസെടുക്കാന്‍ മോദി മുതിരരുതെന്നും രാഹുല്‍ വ്യക്തമാക്കി.
