കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചെങ്കിലും കേസിലെ വ്യവഹാരങ്ങള്‍ ഇനിയും നീളുമെന്ന് ഉറപ്പാണ്. അതേസമയം, സമാനമായ കുരുക്കില്‍ പെട്ടിരിക്കുകയാണ് വീണ ജോര്‍ജ് എം.എല്‍.എയും. മതചിഹ്നങ്ങള്‍ ഉപയോഗിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും വോട്ട് പിടിച്ചുവെന്നാണ് വീണയ്‌ക്കെതിരെയുള്ള ആരോപണം.
വര്‍ഗീയ പ്രചാരണം നടത്തിയെന്നും വീണയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥിയായ കെ.ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ.വി.ആര്‍.സോജിയാണ് കോടതിയെ സമീപിച്ചത്. വോട്ട് പിടിക്കാന്‍ മതവും മതചിഹ്നങ്ങളും വീണാ ജോര്‍ജ് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു. വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും സഹിതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ലഘുലേഖയിലും സമാനമായ ചിത്രം ഉള്‍പ്പെടുത്തി വീണാ ജോര്‍ജ് വോട്ടു തേടിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. 2017 ഏപ്രിലില്‍ സമാനമായ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പരാതിക്കാര്‍ വ്യക്തമാക്കി.
