മാള്‍ഡ: പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനൊരുങ്ങുന്ന രഥയാത്രയ്ക്കു തടസം നില്‍ക്കുന്നവരെ ചതച്ചരയ്ക്കുമെന്നു ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. മാള്‍ഡയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണു ബിജെപി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ഭീഷണി മുഴക്കിയത്.
ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാന്‍ ശ്രമിക്കുന്നവരെ രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചതച്ചരയ്ക്കും- ലോക്കറ്റ് പറഞ്ഞു.
ഇത് ആദ്യമായല്ല ലോക്കറ്റ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ, ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ഇന്ത്യയില്‍ ബോംബ് നിര്‍മിക്കുകയാണെന്നും ഇവരെ ബംഗ്ലാദേശിലേക്കു തിരിച്ചയയ്ക്കണമെന്നും ലോക്കറ്റ് പറഞ്ഞിരുന്നു. 2016-ല്‍ പോളിംഗ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനു ലോക്കറ്റ് ചാറ്റര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് കേസെടുത്തിരുന്നു.
ഡിസംബര്‍ 5,6,7 തിയതികളിലാണു ബിജെപി പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര കടന്നുപോകും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന രഥയാത്രയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ച് വന്‍ പൊതുയോഗം നടത്താനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
