ശബരിമല യുവതീപ്രവേശനം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ സമയക്രമീകരണവും മാധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയ്‌ക്കെത്തും.

ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് ടിആര്‍ രമേശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. 1999 ല്‍ കാശി ക്ഷേത്രം യുപി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇതിനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹര്‍ജി. ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കര്‍ണ്ണാടക , തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളള തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു അതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങളെ തടഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *