ലണ്ടന്‍: മ്യാന്മര് ഭരണാധികാരി ഓങ് സാന്‍ സ്യൂകിക്ക് നല്കിയ പരമോന്നത പുരസ്കാരം അന്താരാഷ്ട്ര സംഘടനായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തിരിച്ചെടുത്തു. 2009ല്‍ നല്കിയ “അംബാസഡര്‍ ഓഫ് കോണ്സെന്സ്’ ബഹുമതിയാണ് തിരിച്ചെടുത്തത്. രോഹിന്ഗ്യന് മുസ്ലിംകള് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സ്യൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹുമതി പിന്‍വലിച്ചത്. മനുഷ്യാവകാശത്തിനായി സ്വന്തം ജീവിതം കൊണ്ട് പോരാടുന്നവര്‍ക്ക് സമ്മാനിക്കുന്ന ഈ ബഹുമതിക്ക് സ്യൂകിക്ക് ഇപ്പോള്‍ അര്‍ഹതയില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. മ്യാന്മര് സൈന്യം വംശീയ ഉന്മൂലന ലക്ഷ്യത്തോടെ രോഹിന്ഗ്യ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സ്യൂകി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ അന്വേഷണം സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ പല രാജ്യങ്ങളും സ്യൂകിക്ക് നല്കിയ ബഹുമതികള്‍ തിരിച്ചെടുത്തിരുന്നു. ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ്, ഫ്രീഡം ഓഫ് ഓക്സ്ഫോര്‍ഡ് പുരസ്കാരം അടക്കമുള്ള പുരസ്കാരങ്ങളാണ് തിരിച്ചെടുത്തത്.
1991ല്‍ സ്യൂകിക്ക് നല്കിയ സമാധാന നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ സ്യൂകിയുടെ സമാധാന നൊബേല്‍ പുരസ്കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന് വ്യക്തമാക്കിയിരുന്നു.
