മുഖ്യമന്ത്രി ചെന്നിത്തലയുമായി ഫോണില്‍ ചര്‍ച്ച നടത്തി, സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ യുവതീ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഇന്നലെ സുപ്രീംകോടതി തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.സര്‍വകക്ഷി യോഗം കഴിഞ്ഞ് വൈകിട്ട് മൂന്നിനാണ് ചര്‍ച്ച. സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന. മണ്ഡല – മകരവിളക്ക് കാലമായ നവംബര്‍ 16 മുതല്‍ ജനുവരി 22 വരെ ശബരിമലയില്‍ വന്‍ സുരക്ഷ ഒരുക്കുന്നത് സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഇതോടെ രണ്ടുമാസം മുഴുവന്‍ സര്‍ക്കാരിന് ശബരിമലയില്‍ കണ്ണിലെണ്ണയൊഴിച്ച്‌ ഇരിക്കേണ്ടിവരും. സീസണ്‍കാലം പ്രശ്നമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സമവായത്തിലൂന്നിയുള്ള നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. പന്തളം കൊട്ടാരവുമായും തന്ത്രിമാരുമായും ചര്‍ച്ച നടത്തുന്നതും ഇതിന്റെ സൂചനയാണ്. നാളെ രാവിലെ 11നാണ് സര്‍വകക്ഷിയോഗം.

അതേസമയം, നാളെ നടക്കുന്ന ചര്‍ച്ചയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ നിലപാട് തള്ളിയാണ് യു.ഡി.എഫ് തീരുമാനം. നേരത്തെ ഇത്തരമൊരു ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ നില പരുങ്ങലില്‍ ആയതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് യു.ഡി.എഫ് ഘടകക്ഷികള്‍ നിലപാടെടുത്തു. ശബരിമലയില്‍ സമാധാനത്തോടെയുള്ള തീര്‍ത്ഥാടനത്തിന് അവസരം ഒരുക്കണമെന്നായിരിക്കും യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടുകയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *