ബന്ധുനിയമനത്തില്‍ നേരിട്ട് ഇടപെട്ടു, മന്ത്രി ജലീലിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്‌തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

 

‘2016 ജൂലായ് മാസം 28നാണ് കെ.ടി.ജലീല്‍ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഐ.എ.എസിന് യോഗ്യതയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നോട്ട് നല്‍കിയത്. എന്നാല്‍ 03/08/2016ല്‍ ഇത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഷാജഹാന്‍ കുറിപ്പെഴുതുകയായിരുന്നു. തുടര്‍ന്ന് പിറ്റേദിവസം തന്നെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ അധികയോഗ്യത തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗ തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി തന്നെ വീണ്ടും കുറിപ്പെഴുതി. ഇത് ചൂണ്ടിക്കാട്ടുന്നത് തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കൃത്യമായി ഇടപെട്ടു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി പിണറയി വിജയന്‍ ഫയലില്‍ ഒപ്പിടുകയുമായിരുന്നു’ ​​​- പി.കെ ഫിറോസ് പറഞ്ഞു.

 

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. ഇ.പി.ജയരാജനെ പേടിക്കാത്ത പിണറായി വിജയന്‍ എന്തിനാണ് ജലീലിനെ പേടിക്കുന്നത്. സി.പി.എമ്മില്‍ അംഗത്വമില്ലെന്നുപരി ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത ജലീലിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണെന്നും ഫിറോസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *