ശബരിമല വിധിയെ എതിര്‍ക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍; കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച്‌ പിണറായി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയില്‍ നടക്കുമ്ബോഴും വിധി വന്നപ്പോഴും അതിനെ അനുകൂലിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ മലക്കം മറിഞ്ഞത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിധിയെ ചരിത്ര വിധിയെന്ന് പറഞ്ഞു സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. ബി.ജെ.പിയുടെ കൊടി എടുക്കാതെ അവരുമായി സഹകരിക്കാമെന്നതാണ് കോണ്‍ഗ്രസ് അജണ്ട. എന്നാല്‍ ചില കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയെന്നും പിണറായി വിമര്‍ശിച്ചു.

പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിശിതമായി വിമര്‍ശിച്ചു. ചോദ്യങ്ങളും കുറ്റങ്ങളും ഉന്നയിക്കുമ്ബോള്‍ വായ തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. പാര്‍ലമെന്റില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ നരേന്ദ്ര മോദി തയ്യാറല്ല. ജനാധിപത്യത്തോട് ആര്‍.എസ്.എസിന് പുച്ഛമാണ്. ഫാസിസമാണ് അവര്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

മോദി സര്‍ക്കാരിന്റെ നിലപാടുകളിലൂടെ ഇവരുടെ ഈ മനോഭാവമാണ് വെളിവാകുന്നത്. സുപ്രീം കോടതിയെ പോലും വിലയില്ലാതെയാണ് അവരുടെ പെരുമാറ്റം. കോടതിയെ അവഗണിച്ചാണ് രാമക്ഷേത്രം വിഷയത്തില്‍ ബി.ജെ.പി നേതാക്കളുടെ പ്രസ്താവന. റാഫേല്‍ ഇടപാടില്‍ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് സി.ബി.ഐയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നത്. സി.ബി.ഐ,​ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇത്തരം നടപടികള്‍ സി.ബി.ഐ പോലെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും പിണറായി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *