മലപ്പുറം: ഷാപ്പുകളില്‍ കള്ളല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്ക്കാന് അനുവാദമില്ലെന്ന് എക്സൈസ് അധികൃതര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുര്‍ എക്സൈസ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ ഭക്ഷണം വില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഷാപ്പിനു മുന്നില്‍ കരിമീന്‍, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കള്ളിനൊപ്പം “ടച്ചിംഗ്സ്’ വില്‍ക്കാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നത്. ഭക്ഷണവില്പനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം. ഉപയോഗിക്കുന്ന വെള്ളം മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് വേണം തുടങ്ങി നിബന്ധനകള്‍ വേറെയുമുണ്ട്. എന്നാല്‍ കള്ളുഷാപ്പുകളില്‍ ഇതൊന്നും പാലിക്കുന്നില്ല.
നിലന്പുര്‍ എക്സൈസ് സര്‍ക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവില്പനയുണ്ട്. എന്നാല്‍ സര്‍ക്കിള്‍ പരിധിയിലെ ഷാപ്പുകളില്‍ ഭക്ഷണവില്പന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടിയിലെ പൗരസമിതി നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കിയ മറുപടി. ഷാപ്പുകളില്‍ ഭക്ഷണവിതരണം നടത്താറുണ്ടോ എന്നത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കള്ളില്‍ മായമുണ്ടോ എന്നു മാത്രമാണ് നോക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.
