കൊച്ചി: ഓണ്‍ലൈന്‍, സ്വകാര്യ ടാക്സിക്കാരും കൈയ്യൊഴിഞ്ഞെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന നിലപാടുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടരുന്നു. രാവിലെ നാലരയോടെ ഇന്‍ഡിഗോ വിമാനത്താവളത്തില്‍ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ തൃപ്തിയും സംഘവും ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെയായി അവിടെത്തന്നെ തുടരുകയാണ്. പ്രായമായ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും നാമജപവുമായി രംഗത്തുണ്ട്. ഒരുകാരണവശാലും തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇതിനിടെ വേറൊരു വഴിയിലൂടെ തൃപ്തിയെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നിലപാട്. സംഘര്‍ഷമുണ്ടാക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ ഇക്കാര്യം അവഗണിച്ചാല്‍ കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്.വി.ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തൃപ്തിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തൃപ്തിക്ക് സുരക്ഷ നല്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് സ്വന്തം നിലയില്‍ വാഹനം തരപ്പെടുത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെയും ഓണ്‍ലൈന്‍ ടാക്സികളും ഇതിന് തയ്യാറാകാത്തതോടെ കാര്യങ്ങള്‍ വീണ്ടും രൂക്ഷമായി. അതേസമയം, തൃപ്തിക്ക് സുരക്ഷ നല്കുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
